ന ജാനേ ഗതിം അന്യഥാ !!!

Tuesday, May 06, 2008

ഇഷ്വാകു, ഒരു മഹാൻ ആയിരുന്നു. അയാളുടെ യോഗപ്രഭാവം എന്തെന്നു വെച്ചാൽ, അയാൾക്ക്‌ ഇഷ്ടമുള്ളപ്പോൾ ഒക്കെ സത്യലോകം വരെ ചെന്ന്, ബ്രഹ്മാവിനെ കണ്ട്‌, സംസാരിച്ചിട്ട്‌ വരും. ഇങ്ങനെ ഉള്ളയാത്രകളിൽ എല്ലാം, മറക്കാതെ, പ്രണവാകാര വിമാനത്തെയും, നാരായണ വിഗ്രഹത്തെയും വന്ദിക്കും. ഇങ്ങനെ ആയി ആയി, ആ വിഗ്രഹത്തോട്‌, അടക്കാനാവാത്ത പ്രേമം തോന്നി തുടങ്ങി ഇഷ്വാകുവിന്‌. അതു മറച്ചു വെച്ചില്ല, ഒരു തവണ ബ്രഹ്മാവിനോട്‌ ഈ വിഗ്രഹം എനിക്കു തരണം എന്ന് അപേക്ഷിച്ചു . ബ്രഹ്മാവും, ഇഷ്വാകുവിനോടുള്ള വാത്സല്യത്താൽ, അതു കൊടുത്ത്‌ അനുഗ്രഹിച്ചു, അങ്ങനെ,ആദ്യമായി, ശ്രീരംഗ വിമാനം, ഭഗവാനോടു കൂടി, ഭാരത ദേശത്തിൽ, അയോധ്യാ നഗരത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു. ശ്രീരംഗനാഥൻ അവിടെ ആരാധനത്തിൽ ഇരുന്നതുകൊണ്ട്‌ മാത്രമാണ്‌ ആ സ്ഥലത്തെ അയോധ്യാ - അഴിക്കാൻ പറ്റാത്ത സ്ഥലം- എന്ന് പേർ വന്നത്‌. അവിടെ അങ്ങനെ 22 രാജാക്കന്മാരുടെ പരിപാലനത്തിൽ നൂറ്റാണ്ടുകൾ കഴിഞ്ഞു. ദശരഥന്‌ മകനായി ഭഗവാൻ സ്വയം അവതരിച്ചു. അക്കാലത്തു, ധർമ്മവർമ്മാ എന്ന ചോഴ രാജാവു, ദശരഥനു സാമന്തൻ ആയി വർത്തിച്ചു വന്നു. ഇദ്ദേഹം, എപ്പോൾ അയോധ്യയിൽ ചെന്നാലും, ഈ വിഗ്രഹത്തെ ദർശ്ശിച്ചും, ആരാധന ചെയ്തും പോന്നു. എങ്ങനെ എങ്കിലും, ചോഴ ദേശതു ആ വിഗ്രഹം പ്രതിഷ്ഠിപ്പിക്കണം എന്ന ആഗ്രഹത്തോടേ, തന്റെ ആസ്ഥാനം ആയ ഉറയ്‌Uറിൽനിന്നും കാവേരി നദി കടന്ന് ഉള്ള ഒരു ചെറിയ ദ്വീപിൽ ഉള്ള ചന്ദ്ര പുഷ്കരണി എന്ന കുളത്തിനരികിൽ ഉള്ള വാസുദേവന്റെ സന്നിധിയിൽ നിത്യാരാധനം ചെയ്ത്‌ ശേഷകാലം അവിടെയുള്ള ഒരു പുന്ന മരത്തിന്റെ കീഴിൽ തപസ്സ്‌ ചെയ്തു പോന്നു.
രാമനും സഹപത്ന്യാ വിശാലാക്ഷ്യാ നാരായണമുപാഗമത്‌ എന്ന വാത്മീകിരാമായണ ശ്ലോകത്തിൽ പറയുന്നതു പോലെ, ഭഗവാനെ നിത്യം ആരാധനം ചെയ്തു വന്നു. വനവാസവും, രാവണവധത്തിനും ശേഷം പട്ടാഭിഷേകം കഴിഞ്ഞ്‌, വിഭീഷണൻ മടങ്ങുമ്പോൾ, തനിക്കു ചെയ്ത ഉപകാരത്തിന്റെ ഫലമായി, ശ്രീരംഗവിമാനം വിഭീഷണനു കൊടുത്തു രാമൻ. എങ്കിലും ശ്രീരംഗനാഥന്‌ ആഗ്രഹം മറ്റൊന്നായിരുന്നു. അതു ഒരു മീനമാസം ആയിരുന്നതുകൊണ്ടും, ഉടനെ തന്നെ മീനമാസത്തിലെ ആദിബ്രഹ്മോത്സവം നടത്തെണ്ടതുകൊണ്ടും, വിഭീഷണൻ അതി വേഗം ലങ്കക്കു പുറപ്പെട്ടു വിമാനവുമായി. വഴിയിൽ, ധർമ്മവർമ്മാ തപസ്സ്‌ ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത്‌ എത്തിയപ്പോൾ സന്ധ്യവന്ദനത്തിനുള്ള സമയം ആവുകയും, അവിടിയുള്ള ചന്ദ്രപുഷ്കരണിക്കരയിൽ വിമാനം ഇറക്കിവെച്ചു.
അതു വരെ ആ സ്ഥലം വെറും വണ്ടിനം മുരളും ചോലൈ, മയിലിണം ആടും ചോലൈ, കൊണ്ടൽമീതണവും ചോലൈ, കുയിലിണം കൂവും ചോലൈ എന്ന് പ്രകൃതി രമണീയമായ സ്ഥലം മാത്രം ആയിരുന്നു. ഭഗവാൻ അവിടെ ഇറങ്ങിയ നിമിഷം, ശ്രീരംഗം എന്ന് പേരോടേ വിളങ്ങി എന്ന് പറയപ്പെടുന്നു. അതു ഒരു മീനമാസത്തിലെ രേവതി നക്ഷത്രം ആയിരുന്നു. തിരിച്ചു വന്ന വിഭീഷണന്‌ വിമാനം അനക്കുവാൻ പറ്റാതെ വരുകയും, ആ സമയത്ത്‌, ധർമ്മവർമ്മാ ഓടി വന്ന്, ഈ വിഗ്രഹം ഇവിടെ തന്നെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. വിഭീഷണൻ അപാര ദുഖത്തോടെ, ഞാനും ഇവിടെ തന്നെ ഇരിക്കും എന്ന്, ശഠിച്ചു. ഭഗവാനും അശരീരിയായ്‌, താൻ ഇവ്വിടം ആണു ഇഷ്ടം എന്നും, വിഭീഷണനായ്ക്കൊണ്ട്‌, തെക്കു ദിക്കിലേക്ക്‌ നോക്കി കിടന്നുകൊള്ളാം എന്നും പറഞ്ഞു. വിഭീഷണനും ദുഖത്തോടെ യാത്ര തിരിച്ചു. അതുകൊണ്ട്‌, ലോകത്തിൽ ഏതൊരു ക്ഷേത്രത്തിലും, തെക്കു നോക്കി പ്രതിഷ്ഠ ഇല്ല, ശ്രീരംഗനാഥൻ അല്ലാതെ. ഏറെ കാലത്തെ രാജ്യ ഭരണത്തിനു ശേഷം വിഭീഷണൻ തിരിച്ചു വരികയും, ശേഷകാലം ശ്രീരംഗത്ത്‌, ഹനുമാനോടേ ചേർന്ന് ഇരുന്നു എന്നും പറയപ്പെടുന്നു.
ഹനുഭൂഷ വിഭീഷണയോസ്യാം യഥമാവിഹ മോക്ഷമുപേക്ഷ്യ * രഘുനായക നിഷ്ക്രമഭൂതം ഭുവി രംഗധനം രമയേതേ എന്ന് പറയപ്പെടുന്നു, രാമന്റെ സ്വർഗ്ഗാരോഹണതിനു ശേഷകാലം, വിഭീഷണനും ഹനുമാനും മോക്ഷാനന്ദം ഉപേക്ഷിച്ച്‌ ശ്രീരംഗത്തു വസിച്ചു എന്ന്. ഇന്നും, രാജമഹേന്ദ്രൻ വ്വീഥി എന്ന രണ്ടാം പ്രാകാരത്തിൽ വിഷ്വക്സേനർക്ക്‌ ഒരു സന്നിധി ഉണ്ട്‌, അതിനുള്ളിൽ, ഹനുമാനും, വിഭീഷണനും വിഗ്രഹങ്ങൾ ഉണ്ട്‌.
ഇങ്ങനെ ധർമ്മവർമ്മാ നേടിയ ധനം നമക്കു ശ്രീരംഗനാഥൻ. ധർമ്മവർമ്മാവിന്‌ ഒരു മകൾ ജനിച്ചു, മീനമാസത്തിൽ ആയില്യം നക്ഷത്രത്തിൽ, അവൾക്ക്‌ കമലവല്ലി എന്ന് പേർ വെയ്ക്കപ്പെടുകയും, യഥാകാലം, യഥാവിധി അവളെ ശ്രീരംഗനാഥനു സമർപ്പിക്കുകയും ചെയ്തു. ഇവളുടെ മരണശേഷം അവളുടെ നാമത്തിൽ ഉറയൂരിൽ ഒരു ക്ഷേത്രം ഏർപ്പെടുകയും, ഇന്നും മീനമാസത്തിൽ ആയില്യം നാൾ നമ്പെരുമാൾ ഉറയൂരിൽ ചെന്ന് കമലവല്ലി നാച്ചിയാരുമായി ചേർത്തി ഉത്സവം കൊണ്ടാടുകയും ചെയ്യുന്നു. ഈ ധർമ്മവർമ്മാ ആദ്യമായി ഒരു പ്രാകാരം പണികഴിപ്പിച്ചു. ഈ പ്രാകാരത്തിനെ ഇന്ന് എല്ലാ കാലങ്ങളിലും പ്രദക്ഷിണം വൈക്കാൻ കഴിയില്ല. ധനുമാസത്തിൽ ഒരു 30 ദിവസം മാത്രമേ അതിനു സാധിക്കയുള്ളൂ. ഈ പ്രാകാരത്തിന തിരു ഉണ്ണാഴി പ്രദക്ഷിണം എന്നും, ധർമ്മവർമ്മാ തിരുചുറ്റ്‌ എന്നും പേർ. ഈ പ്രാകാരത്തിനോടു ചേർത്തു 24 തൂണുകളോടേ ഉള്ള മണ്ഡപത്തിനു ഗായത്രി മണ്ഡപം എന്ന് പേർ.

ഹരേ ശ്രീരംഗാ ശരണം

0 Comments:

Post a Comment

<< Home