ന ജാനേ ഗതിം അന്യഥാ !!!

Thursday, June 19, 2008

പൊയ്കൈ ആഴ്‌വാർ മൈലാപ്പൂരിൽ ജനിച്ചു. ഭൂതത്താഴ്‌വാർ മഹാബലി പുരത്തും, പേയ്‌ ആഴ്‌വാർ പെരിയ കാഞ്ചീപുരത്തും. തുലാമാസത്തിൽ, ഓണം, അവിട്ടം, ചതയം മൂന്നു നക്ഷത്രങ്ങൾ ധന്യമായി.
ഭൂതത്താഴ്‌വാർ രണ്ടാം തിരുവന്താതി, അൻപേ തകളിയാ എന്ന് ആരംഭിച്ചു, സ്നേഹം വിളക്കായും, അഭിവാഞ്ജ നെയ്യായും, ഭഗവത്‌ ചിന്തനം തിരിയായും.

മനത്തുള്ളാൻ വേങ്കടത്താൻ മട്ട്രും നിനൈപ്പരിയ നീൾ അരങ്കത്തുള്ളാൻ * എനപ്പലരും ദേവാതി ദേവൻ എനപ്പ്പടുവാൻ മുന്നൊരുനാൾ മാവായ്‌ പിളന്ത മകൻ

മനസ്സിലും തിരുവേങ്കടത്തിലും, ലോകത്തിലുള്ളാർ എല്ലാരും ദേവാദി ദേവൻ എന്നു കൊണ്ടാടുന്നവൻ ഒരുത്തൻ തന്നേ, ശ്രീരംഗനാഥൻ
വീണ്ടും ഇരണ്ടാം തിരുവന്താതിയിൽ
തിറംബിറ്റ്രു ഇനിയറിന്തേൻ തെന്നരങ്കത്തു എന്തൈ തിറംബാ വഴി സെന്റ്രാർക്കു അല്ലൽ തിറംബാ ച്ചെടിനരകൈ നീക്കി താൻ സെൽവതൻ മുൻ വാനോർ കടി നകര വാസൽ കതവു

അർച്ചിരാദി ഗതി കാട്ടിക്കൊടുക്കുന്നവനും അരങ്കനേ എന്നു പറഞ്ഞുവെച്ചു.

പേയ്‌ ആഴ്‌വാർ മൂന്റ്രാം തിരുവന്താതി, മറ്റു രണ്ടു ആഴ്‌വാർമാരും കാട്ടിയ വിളക്കൊളിയിൽ ശ്രിയപ്പതിയായ ഭഗവാനെ കണ്ടേൻ എന്ന് " തിരുക്കണ്ടേൻ നാരണനൈ കണ്ടേൻ" എന്നാരംഭിച്ചു. അദ്ദേഹവും, മറ്റ്രു ദിവ്യദേശങ്ങളിൽകാട്ടിൽ മുഖ്യത്വം ശ്രീരംഗത്തിനു നൽകി

പേയ്‌ എന്നാൽ പിശാച്‌ എന്നർത്ഥം. അദ്ദേഹത്ത്ന്റെ ചെയ്തികൾ, പേയ്‌ എന്ന പേർ അദ്ദേഹത്തിനു നൽകി. അറുന്നു പോയ കയർ വെച്ച്‌, ഓട്ടയുള്ള കുടത്തിൽ ജലം എടുത്ത്‌, ചെടി തലകീഴായി നട്ട്‌ അതിനു വെള്ളം കോരുക അദ്ദേഹത്തിനു ഒരു വിനോദമായിരുന്നു. പക്ഷേ അതു കണ്ട ഭാർഗ്ഗവമുനിക്ക്‌ അതു അത്ര തമാശയായി തോന്നിയില്ല

ഹരേ ശ്രീരംഗാ ശരണം

ഖലു ഖലു ഭവിഷ്യന്തി നാരായണ പരായണഃ
ക്വചിത്‌ ക്വചിത്‌ മഹാഭാഗ ദ്രമിഡേഷു ച ഭൂരിസഃ
താമരപർണ്ണീ നദീ യത്ര കൃതമാലാ പയസ്വിനീഃ
കാവേരീ ച മഹാഭാഗാ പ്രതീചീ ച മഹാനദീ (ശ്രീമദ്‌ ഭാഗവതം- 11-5-
38-39)

11നാം സ്‌കന്ദം ഇങ്ങനെ പറയുന്നു, ഗീതയിൽ ഭഗവാൻ വിലപിച്ചുവത്രെ വാസുദേവ സർവ്വം ഇതി സ മഹാത്മാ സുധുർലഭഃ. വിഷ്ണു തന്നെ തനിക്കെല്ലാം എന്നു പറയുന്നവൻ മഹാത്മാ, അങ്ങനെ ഉള്ളവർ ദുർല്ലഭർ എന്ന്. അതുകൊണ്ടു തന്നെ സാക്ഷാത്‌ ഭഗവാന്റെ അംശഭൂതമായ ശ്രീമത്ഭാഗവതം ഇങ്ങനെ പ്രവചിച്ചു, ദ്രാവിഡദേശം, ഇങ്ങനെയുള്ള മഹാത്മാക്കളുടെ ജന്മഭൂമി ആകും എന്ന്. താമ്രപർണ്ണി, കൃതമാലാ എന്ന വൈഗൈ, പയസ്വിനീ എന്ന പാലാർ, മഹാനദീ എന്ന പെരിയാർ, കാവേരി, ഇവയുടെ തീരദേശങ്ങൾ ഇവരുടെ ജന്മത്തിന്‌ സാക്ഷ്യം വഹിക്കും എന്നും. അങ്ങനെ ആദ്യമായി അവതരിച്ചവർ 3 പേർ. ഗുരുപരമ്പരകൾ എല്ലാം കൃത യുഗത്തിൽ ജനിച്ചവർ എന്നു പറയപ്പെടുന്ന മൂന്നു പേർ. അയോനിജരായി ജനിച്ചവരായിരുന്നു പൊയ്കൈ, ഭൂതം, പേയ്‌ എന്ന മൂന്നു ആഴ്‌വാർമാരും. ഏകകാലത്തു ജീവ്ച്ചിരുന്നവർ എന്ന് ഐതിഹ്യം പറയുന്നു. ഒരുകാലത്തു മൃഗണ്ടു എന്ന മഹർഷി, തിരുക്കോവലൂർ എന്ന സ്ഥലത്തു ആശ്രമം കെട്ടി തപസ്സ്‌ അനുഷ്ഠിച്ചു വന്നു. ഒരു നാൾ രാത്രി പൊയ്കൈ ആഴ്‌വാർ യദേച്ഛയാ അവ്വഴി വരാൻ ഇടയായി. അതി ഭയങ്കരമായി മഴ പെയ്യുകയാലും ഇരുട്ടിയതുകൊണ്ടും തങ്ങുവാൻ ഒരു ഇടം തേടിയ ആഴ്‌വാർക്ക്‌, മഹർഷിയുടെ ആശ്രമത്തിന്റെ ഇടനാഴി മാത്രമേ കിട്ടിയുള്ളു. അവിടെ ആണെങ്കിൽ ഒരാൾ കഷ്ടിച്ചു കിടക്കുവാൻ മാത്രം സ്ഥലവും. പാഥേയം പുണ്ഡരീകാക്ഷനാമ സ്മരണം എന്ന് ഗ്രാമൈകരാത്രർ ആയി തിരിഞ്ഞുകൊണ്ടിരുന്ന ആഴ്‌വാരൈ, ഒരു മഴ കൊണ്ട്‌ തളച്ചിട്ടു രംഗനാഥൻ. കുറച്ചുകഴിഞ്ഞില്ല, ഭൂതത്താഴ്‌വാരും അവ്വഴി ഒരു സ്ഥലം നോക്കി വരുകയും, ഈ ഇടനാഴി കാണുകയും ചെയ്തു. എങ്കിലും, അതിനുള്ളിൽ വേറേ ഒരാൾ ഇരിക്കുന്നതു കണ്ടിട്ട്‌, താനും അവിടെ വന്നാൽ സ്ഥലമുണ്ടോ എന്ന് ശങ്കിച്ചപ്പോൾ, ഒരാൾ കിടക്കാം രണ്ടാൾക്ക്‌ ഇരിക്കാം, അകത്തേക്ക്‌ വരണം എന്ന ക്ഷണം ആണ്‌ കിട്ടിയത്‌. സന്തോഷത്തോടെ ഇരുവരും, നാമസങ്കീർത്തനം ചെയ്തുകൊണ്ടിരുന്ന സമയത്തു, പേയ്‌ ആഴ്‌വാരും ഒരിടം തേടി എത്തുകയും, ഒരാൾ കിടക്കാം, രണ്ടാൾ ഇരിക്കാം, മൂന്നാൾ നിൽക്കാം, സന്തോഷത്തോടേ വരണം എന്ന ക്ഷണം കേട്ട്‌ അകത്തേക്ക്‌ വരികയും ചെയ്തു. ഇത്രയും ആയപ്പോൾ, ഇവർക്കു മൂന്നുപേർക്കും ആരൊ തങ്ങളെ ഞെരുക്കുന്നു എന്ന തോന്നൽ ഉണ്ടാവുകയും, ആരാണ്‌ അതെന്ന് സംശയലേശമെന്യെ മനസ്സിലാവുകയും ചെയ്തു. ഇന്നും തിരുക്കോവലൂർ ക്ഷേത്രത്തിൽ, ഭഗവാനൈ, സമ്മർദ്ദനോത്സുകൻ എന്നു വിളിക്കപ്പെടുന്നു. ഇവർ മൂന്നു പേരിൽ, പൊയ്കൈയും, ഭൂതവും, വൈയ്യം തകളിയാ എന്നും അൻപേ തകളിയാ എന്നും ആരംഭിച്ച്‌, ആദ്യമായി ദേവഗാന രൂപത്തോടെ, ഭഗവാനൈ സ്തുതിച്ചു പാടി. പേയ്‌ ആഴ്‌വാർ ആകട്ടെ, ഇവർ രണ്ടു പേരും കൊളുത്തില ഗാനരൂപമായ വിളക്കിന്റെ വെളിച്ചത്തിൽ, തിരുക്കണ്ടേൻ നാരണനൈ കണ്ടേൻ എന്ന്, തങ്ങളൈ ഞെരുക്കിയവൻ, സാക്ഷാത്‌ പരബ്രഹ്മം എന്നും പറഞ്ഞു.

ഇതിൽ പൊയ്കൈ ആഴ്‌വാർ പാറ്റിയ പാട്ട്‌ മുതൽ തിരുവന്താതി എന്ന് പിൽകാലത്തു പ്രസിദ്ധമായി.

ഒന്നും മറന്തറിയേൻ ഓതനീർ വണ്ണനെന്നാൻ
ഇന്നു മറപ്പനോ ഏഴൈകാൾ അന്നു കരുവരങ്കത്തുൾ കിടന്തു
കൈതൊഴുതേൻ കണ്ടേൻ തിരുവരങ്കമേയാൻ തിശൈ
എന്ന് ശ്രീരംഗനാഥനൈ ഗർഭത്തിൽ കിടക്കുമ്പോൾ തന്നെ കാണുകയും, കൈതൊഴുകയും ചെയ്തു എന്ന് പറയുന്നു. എന്തൊരു ഭാഗ്യം
ജായമാനം ഹി പുരുഷം യം പശ്യേത്‌ മധുസൂധനഃ
സാത്വികഃ സതു വിജ്ഞേയഃ സവൈ മോക്ഷാർത്ഥ ചിന്തകഃ എന്ന് ശാസ്ത്രം പറയുന്നു
ഏതൊരു കുട്ടിയൈ, ഗർഭകാലത്തു തന്നെ മധുസൂധനൻ ആയ ഭഗവാൻ രക്ഷിക്കുന്നുവോ അവൻ, സത്വശാലിയും, മുമുക്ഷുവും ആകുന്നു എന്ന്.

ഗർഭശ്രീമാൻ എന്ന് ഇങ്ങനെയുള്ളവരൈ മാത്രമേ വിളിക്കാൻ പറ്റൂ
കരുവിലേ തിരുവിലാതീർ കാലത്തൈ കഴിക്കിന്റീരേ

ഹരേ ശ്രീരംഗാ ശരണം

Tuesday, May 06, 2008

ധർമ്മവർമ്മാവിനു ശേഷം, ഏറെക്കാലം നമുക്കു ചരിത്രഭാഗങ്ങൾ ലഭ്യമല്ല. വളരെക്കാലം, ക്ഷേത്രം മണലിനുള്ളിൽ പുതഞ്ഞ്‌ കിടന്നിരുന്നു. കിളി ചോഴൻ എന്നും രാജമഹേന്ദ്രൻ എന്നും വിളിക്കപ്പെടുന്ന ഒരു ചോഴ രാജാവ്‌, നായാട്ടിനായ്‌ വന്ന കാലത്തിൽ, ഒരു കിളി, ഒരു മണൽകൂനയ്ക്ക്‌ മുകളിൽ ഇരുന്ന്
കാവേരി വിരജാസേയം വൈകുണ്ഡം രംഗമന്ദിരം
സ വാസുദേവോ രംഗേശയഃ പ്രത്യക്ഷം പരമം പദം
വിമാനം പ്രണവാകാരം രംഗശൃംഗം മഹാത്ഭുദം
എന്ന് തുടർച്ചയായി പാടുകയും, ഇതു കണ്ട്‌ അത്ഭുതപ്പെട്ട്‌ അവിടം കുഴിച്ചു നോക്കിയപ്പോൾ പഴയ ക്ഷേത്രം കണ്ടെടുക്കപ്പെട്ടു. ഇതു ഏതാണ്ട്‌ കൃഷ്ണാവതാരത്തിനും വളരെ മുന്നെ നടന്നിരിക്കണം. കാരണം വഴിയെ പറയാം. രാജമഹേന്ദ്രൻ, രണ്ടാവതു പ്രാകാരം പണികഴിപ്പിച്ച്‌, തനിക്ക്‌ വഴികാട്ടി തന്ന കിളിയുടെ സ്മരണാർത്ഥം കിളിമണ്ഡപം എന്ന് ഒരു മണ്ഡപവും പണികഴിപ്പിച്ചു. ഈ രണ്ടാം പ്രാകാരത്തിന്‌ രാജമഹേന്ദ്രൻ തിരുച്ചുറ്റ്‌ എന്നു പേർ. ഈ കാലഘട്ടത്തിനു ശേഷം ആണ്‌ ആദ്യ കാല ആഴ്‌വാർമ്മാർ ആയ പൊയ്‌കൈ, ഭൂതം പേയ്‌, തിരുമഴിശൈ ഇവരുടെ അവതാരം. രംഗനാഥനെ പറ്റി അവർ എങ്ങനെ പറഞ്ഞിരിക്കുന്നു എന്നു നോക്കാം

ഹരേ ശ്രീരംഗാ ശരണം

ഇഷ്വാകു, ഒരു മഹാൻ ആയിരുന്നു. അയാളുടെ യോഗപ്രഭാവം എന്തെന്നു വെച്ചാൽ, അയാൾക്ക്‌ ഇഷ്ടമുള്ളപ്പോൾ ഒക്കെ സത്യലോകം വരെ ചെന്ന്, ബ്രഹ്മാവിനെ കണ്ട്‌, സംസാരിച്ചിട്ട്‌ വരും. ഇങ്ങനെ ഉള്ളയാത്രകളിൽ എല്ലാം, മറക്കാതെ, പ്രണവാകാര വിമാനത്തെയും, നാരായണ വിഗ്രഹത്തെയും വന്ദിക്കും. ഇങ്ങനെ ആയി ആയി, ആ വിഗ്രഹത്തോട്‌, അടക്കാനാവാത്ത പ്രേമം തോന്നി തുടങ്ങി ഇഷ്വാകുവിന്‌. അതു മറച്ചു വെച്ചില്ല, ഒരു തവണ ബ്രഹ്മാവിനോട്‌ ഈ വിഗ്രഹം എനിക്കു തരണം എന്ന് അപേക്ഷിച്ചു . ബ്രഹ്മാവും, ഇഷ്വാകുവിനോടുള്ള വാത്സല്യത്താൽ, അതു കൊടുത്ത്‌ അനുഗ്രഹിച്ചു, അങ്ങനെ,ആദ്യമായി, ശ്രീരംഗ വിമാനം, ഭഗവാനോടു കൂടി, ഭാരത ദേശത്തിൽ, അയോധ്യാ നഗരത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു. ശ്രീരംഗനാഥൻ അവിടെ ആരാധനത്തിൽ ഇരുന്നതുകൊണ്ട്‌ മാത്രമാണ്‌ ആ സ്ഥലത്തെ അയോധ്യാ - അഴിക്കാൻ പറ്റാത്ത സ്ഥലം- എന്ന് പേർ വന്നത്‌. അവിടെ അങ്ങനെ 22 രാജാക്കന്മാരുടെ പരിപാലനത്തിൽ നൂറ്റാണ്ടുകൾ കഴിഞ്ഞു. ദശരഥന്‌ മകനായി ഭഗവാൻ സ്വയം അവതരിച്ചു. അക്കാലത്തു, ധർമ്മവർമ്മാ എന്ന ചോഴ രാജാവു, ദശരഥനു സാമന്തൻ ആയി വർത്തിച്ചു വന്നു. ഇദ്ദേഹം, എപ്പോൾ അയോധ്യയിൽ ചെന്നാലും, ഈ വിഗ്രഹത്തെ ദർശ്ശിച്ചും, ആരാധന ചെയ്തും പോന്നു. എങ്ങനെ എങ്കിലും, ചോഴ ദേശതു ആ വിഗ്രഹം പ്രതിഷ്ഠിപ്പിക്കണം എന്ന ആഗ്രഹത്തോടേ, തന്റെ ആസ്ഥാനം ആയ ഉറയ്‌Uറിൽനിന്നും കാവേരി നദി കടന്ന് ഉള്ള ഒരു ചെറിയ ദ്വീപിൽ ഉള്ള ചന്ദ്ര പുഷ്കരണി എന്ന കുളത്തിനരികിൽ ഉള്ള വാസുദേവന്റെ സന്നിധിയിൽ നിത്യാരാധനം ചെയ്ത്‌ ശേഷകാലം അവിടെയുള്ള ഒരു പുന്ന മരത്തിന്റെ കീഴിൽ തപസ്സ്‌ ചെയ്തു പോന്നു.
രാമനും സഹപത്ന്യാ വിശാലാക്ഷ്യാ നാരായണമുപാഗമത്‌ എന്ന വാത്മീകിരാമായണ ശ്ലോകത്തിൽ പറയുന്നതു പോലെ, ഭഗവാനെ നിത്യം ആരാധനം ചെയ്തു വന്നു. വനവാസവും, രാവണവധത്തിനും ശേഷം പട്ടാഭിഷേകം കഴിഞ്ഞ്‌, വിഭീഷണൻ മടങ്ങുമ്പോൾ, തനിക്കു ചെയ്ത ഉപകാരത്തിന്റെ ഫലമായി, ശ്രീരംഗവിമാനം വിഭീഷണനു കൊടുത്തു രാമൻ. എങ്കിലും ശ്രീരംഗനാഥന്‌ ആഗ്രഹം മറ്റൊന്നായിരുന്നു. അതു ഒരു മീനമാസം ആയിരുന്നതുകൊണ്ടും, ഉടനെ തന്നെ മീനമാസത്തിലെ ആദിബ്രഹ്മോത്സവം നടത്തെണ്ടതുകൊണ്ടും, വിഭീഷണൻ അതി വേഗം ലങ്കക്കു പുറപ്പെട്ടു വിമാനവുമായി. വഴിയിൽ, ധർമ്മവർമ്മാ തപസ്സ്‌ ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത്‌ എത്തിയപ്പോൾ സന്ധ്യവന്ദനത്തിനുള്ള സമയം ആവുകയും, അവിടിയുള്ള ചന്ദ്രപുഷ്കരണിക്കരയിൽ വിമാനം ഇറക്കിവെച്ചു.
അതു വരെ ആ സ്ഥലം വെറും വണ്ടിനം മുരളും ചോലൈ, മയിലിണം ആടും ചോലൈ, കൊണ്ടൽമീതണവും ചോലൈ, കുയിലിണം കൂവും ചോലൈ എന്ന് പ്രകൃതി രമണീയമായ സ്ഥലം മാത്രം ആയിരുന്നു. ഭഗവാൻ അവിടെ ഇറങ്ങിയ നിമിഷം, ശ്രീരംഗം എന്ന് പേരോടേ വിളങ്ങി എന്ന് പറയപ്പെടുന്നു. അതു ഒരു മീനമാസത്തിലെ രേവതി നക്ഷത്രം ആയിരുന്നു. തിരിച്ചു വന്ന വിഭീഷണന്‌ വിമാനം അനക്കുവാൻ പറ്റാതെ വരുകയും, ആ സമയത്ത്‌, ധർമ്മവർമ്മാ ഓടി വന്ന്, ഈ വിഗ്രഹം ഇവിടെ തന്നെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. വിഭീഷണൻ അപാര ദുഖത്തോടെ, ഞാനും ഇവിടെ തന്നെ ഇരിക്കും എന്ന്, ശഠിച്ചു. ഭഗവാനും അശരീരിയായ്‌, താൻ ഇവ്വിടം ആണു ഇഷ്ടം എന്നും, വിഭീഷണനായ്ക്കൊണ്ട്‌, തെക്കു ദിക്കിലേക്ക്‌ നോക്കി കിടന്നുകൊള്ളാം എന്നും പറഞ്ഞു. വിഭീഷണനും ദുഖത്തോടെ യാത്ര തിരിച്ചു. അതുകൊണ്ട്‌, ലോകത്തിൽ ഏതൊരു ക്ഷേത്രത്തിലും, തെക്കു നോക്കി പ്രതിഷ്ഠ ഇല്ല, ശ്രീരംഗനാഥൻ അല്ലാതെ. ഏറെ കാലത്തെ രാജ്യ ഭരണത്തിനു ശേഷം വിഭീഷണൻ തിരിച്ചു വരികയും, ശേഷകാലം ശ്രീരംഗത്ത്‌, ഹനുമാനോടേ ചേർന്ന് ഇരുന്നു എന്നും പറയപ്പെടുന്നു.
ഹനുഭൂഷ വിഭീഷണയോസ്യാം യഥമാവിഹ മോക്ഷമുപേക്ഷ്യ * രഘുനായക നിഷ്ക്രമഭൂതം ഭുവി രംഗധനം രമയേതേ എന്ന് പറയപ്പെടുന്നു, രാമന്റെ സ്വർഗ്ഗാരോഹണതിനു ശേഷകാലം, വിഭീഷണനും ഹനുമാനും മോക്ഷാനന്ദം ഉപേക്ഷിച്ച്‌ ശ്രീരംഗത്തു വസിച്ചു എന്ന്. ഇന്നും, രാജമഹേന്ദ്രൻ വ്വീഥി എന്ന രണ്ടാം പ്രാകാരത്തിൽ വിഷ്വക്സേനർക്ക്‌ ഒരു സന്നിധി ഉണ്ട്‌, അതിനുള്ളിൽ, ഹനുമാനും, വിഭീഷണനും വിഗ്രഹങ്ങൾ ഉണ്ട്‌.
ഇങ്ങനെ ധർമ്മവർമ്മാ നേടിയ ധനം നമക്കു ശ്രീരംഗനാഥൻ. ധർമ്മവർമ്മാവിന്‌ ഒരു മകൾ ജനിച്ചു, മീനമാസത്തിൽ ആയില്യം നക്ഷത്രത്തിൽ, അവൾക്ക്‌ കമലവല്ലി എന്ന് പേർ വെയ്ക്കപ്പെടുകയും, യഥാകാലം, യഥാവിധി അവളെ ശ്രീരംഗനാഥനു സമർപ്പിക്കുകയും ചെയ്തു. ഇവളുടെ മരണശേഷം അവളുടെ നാമത്തിൽ ഉറയൂരിൽ ഒരു ക്ഷേത്രം ഏർപ്പെടുകയും, ഇന്നും മീനമാസത്തിൽ ആയില്യം നാൾ നമ്പെരുമാൾ ഉറയൂരിൽ ചെന്ന് കമലവല്ലി നാച്ചിയാരുമായി ചേർത്തി ഉത്സവം കൊണ്ടാടുകയും ചെയ്യുന്നു. ഈ ധർമ്മവർമ്മാ ആദ്യമായി ഒരു പ്രാകാരം പണികഴിപ്പിച്ചു. ഈ പ്രാകാരത്തിനെ ഇന്ന് എല്ലാ കാലങ്ങളിലും പ്രദക്ഷിണം വൈക്കാൻ കഴിയില്ല. ധനുമാസത്തിൽ ഒരു 30 ദിവസം മാത്രമേ അതിനു സാധിക്കയുള്ളൂ. ഈ പ്രാകാരത്തിന തിരു ഉണ്ണാഴി പ്രദക്ഷിണം എന്നും, ധർമ്മവർമ്മാ തിരുചുറ്റ്‌ എന്നും പേർ. ഈ പ്രാകാരത്തിനോടു ചേർത്തു 24 തൂണുകളോടേ ഉള്ള മണ്ഡപത്തിനു ഗായത്രി മണ്ഡപം എന്ന് പേർ.

ഹരേ ശ്രീരംഗാ ശരണം

ഇഷ്വാകു വംശം എന്ന സൂര്യവംശം, അതി പ്രസിദ്ധം. അനാദികാല പ്രവൃത്തമായി, സൂര്യനിൽ നിന്നും തുടങ്ങി, ലവകുശന്മാർ വരെ നീണ്ടു നിന്ന അതി ഗംഭീരമായ വംശം. ആയുസ്സിനൊന്നും ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല അവർക്ക്‌. ദശരഥൻ തന്നെ 60000 വർഷങ്ങൾ ജീവിച്ചിരുന്നു എന്ന് വാത്മീകി രാമായണം കണക്കു കാണിക്കുന്നുണ്ട്‌. ദിലീപൻ, സഗരൻ, മാന്ധാതാ, അങ്ങനെ എത്ര രാജാക്കന്മാർ. ഈ വംശത്തിന്റെ മഹത്വം കൊണ്ടു തന്നെയാകണം രംഗനാഥനും തന്റെ അവതാര ലീലകൾക്ക്‌ ആദ്യ സ്ഥാനമായി ഈ വംശത്തെ തിരഞ്ഞെടുത്തത്‌. ശ്വേത വരാഹ കൽപ്പത്തിന്റെ ആരംഭത്തിൽ, ബ്രഹ്മാവിന്‌ നഷ്ടമായ വേദങ്ങളെ മത്സ്യ രൂപത്തിൽ വീണ്ടെടുത്ത്‌ കൊടുത്ത്‌, അതിനെ താൻ തന്നെ ഹംസാവതാരം എടുത്ത്‌ ഉപദേശിച്ചതിനു ശേഷം ക്ഷീരാബ്‌ധി നാഥനായ ഭഗവാൻ, ഇന്നു കാണുന്ന പ്രണവാകാര വിമാനത്തോടെ ചേർത്ത്‌ നാരായണൻ എന്നു പേർ വിളിക്കപ്പെട്ട, ശേഷശായി ആയുള്ളഭഗവാനൈയും, അഭയ ഹസ്‌തത്തോടേയും, പ്രയോഗചക്രത്തോടും കൂടി ഉത്സവ മൂർത്തിയായ കസ്തൂരി രംഗനൈയും കൊടുത്ത്‌ നിത്യ ആരാധനം നടത്തിപോരുവാൻ ഉപദേശിച്ചു. അങ്ങനെ ശ്രീരംഗനാഥന്റെ ആദ്യ അവതാരം ക്ഷീരാബ്‌ധിയിൽ ഒരു മീന മാസത്തിൽ രോഹിണി നക്ഷത്രത്തിൽ എന്ന് പുരാണം പറയുന്നു.

1950കളിൽ വലിയ രണ്ട്‌ അപകടങ്ങൾക്ക്‌ ക്ഷേത്രം സാക്ഷ്യം വഹിച്ചു, ഒന്ന് ഒരു പങ്കുനി ആദി ബ്രഹ്മോത്സവ കാലത്തിൽ ഗർഭഗൃഹത്തിലുണ്ടായ അഗ്നി ബാധ. അന്ന്, അഗ്നിനാളങ്ങൾ മൂല വിഗ്രഹത്തിൽ എല്ലാ വർഷവും 2 തവണ തേച്ച്‌ പിടിപ്പിക്കുന്ന അതും കാലാകാലങ്ങളായി ആവരണം ചെയ്യപ്പെട്ട തൈലകാപ്പും, സ്വതാ ആവരണവും (കടു ശർക്കര യോഗം പോലെ ഒന്ന്) മുഴുക്കെ ഏരിച്ച്‌ ചാമ്പലാക്കി. അതിനു ശേഷം വിഗ്രഹത്തെ നേരിട്ടു കണ്ടവർ അപൂർവ്വം ചിലർ. അവരിൽ ഒരാൾ ഡയറിയിൽ ഇങ്ങനെ കുറിച്ചിട്ടു.

"തീ വിപത്തിനിർക്കാന കാരണങ്കൾ പല കോണങ്കളിൽ ആരായപ്പട്ടതു, ആനാൽ ഇതർക്കു, കാരണ, കാരണി അവനേ! തീ മുഴുതും അണൈക്കപ്പട്ട പിറകു ഉള്ളേ ചെന്റ്രേൻ, പെരിയ പെരുമാൾ തൈലക്കാപ്പ്പ്പില്ലാമൽ പച്ച പശയേൽ എന്നു കാട്ചി കൊടുത്താർ"
പച്ചൈ മാമലൈ പോൽ മേനി എന്ന് സംഘ കാല ഗ്രന്ഥങ്ങൾ പ്രതിപാതിക്കുന്നു, ഇന്നു കാണാൻ പറ്റുന്നത്‌, തൈലക്കാപ്പും, സ്വതയും ചേർന്ന് കറുത്ത വിഗ്രഹം, പാമ്പു പടം പൊഴിക്കുന്നതു പോലെ നൂറ്റാണ്ടുകളുടെ തൈലക്കാപ്പും ആവരണവും ഭഗവാൻ കളഞ്ഞ്‌, എങ്ങനെ, ബ്രഹ്മാവും, ഇഷ്വാകുവും, ആദ്യകാലങ്ങളിൽ, ആഴ്‌വാർക്കളും ആചാര്യന്മാരും ഭഗവാനെ ദർശ്ശിച്ചിരിക്കുമോ അതു ഒരു അഗ്നി ബാധ മൂലമായി ഭഗവാൻ വീണ്ടും കാട്ടി കൊടുത്തു. അതുകൊണ്ടു തന്നെ, അഗ്നിക്കു ശേഷം, വീണ്ടും സ്വത ആവരണം ചെയ്തുകൊണ്ടിരുന്ന കാലത്തിലും, മറ്റു ആവാഹനങ്ങൾ ചെയ്യാതെ, രാവിലെ പൊങ്കൽ തിരുവാരാധനത്തിനു ശേഷം സ്ഥപതി ജോലി ചെയ്തു തുടങ്ങും, വൈകിട്ടു അവരുടെ ജോലി അവസാനിച്ചതിനു ശേഷം ഒരു പുണ്യാഹം നടത്തി വീണ്ടും പൂജകൾ നടക്കും. ലോകത്തിൽ എവിടെയും നടക്കില്ല ഇങ്ങനെ.

ശ്രീരംഗം ഒരു സ്വയം വ്യൿത ക്ഷേതം. വൈഷ്ണവക്ഷേത്രങ്ങളിലെ ആരാധനാ ക്രമം, ആഗമം എന്ന് പേരുള്ള സംഹിതകൾ ഉപയോഗിച്ചാണ്‌ നടക്കുക. വൈഷ്ണവാഗമങ്ങൾ 2 വിധം, ശ്രീ പാഞ്ചരാത്രം, വൈഖാനസം. ഇതിൽ ശ്രീപാഞ്ചരാത്രത്തിൽ, പാരമേശ്വര സംഹിത ഉപയോഗിച്ചാണ്‌ ശ്രീരംഗ ക്ഷേത്രത്തിലെ പൂജാവിധാനങ്ങൾ ചിട്ടപ്പെടുത്തപ്പെട്ടത്‌. പല സംഹിതകൾ, പാദ്‌മം, പാരാശരം, ഈശ്വരം പോലെയുള്ള സംഹിതകൾ ആണ്‌ ഏറിയ ക്‌Uറും ക്ഷേത്രങ്ങളിൽ. ലോകത്ത്‌ ശ്രീരംഗത്ത്‌ മാത്രം, പാരമേശ്വരവും. ഇവിടെയുള്ള അർച്ചകർ പോലും, ശ്വേത ദ്വീപ വാസികൾ ആയ ശുക്ല യജുർവ്വേദികളുടെ പിന്മുറക്കാർ ആയി, വിഭീഷണൻ ഏർപ്പെടുത്തിയത്‌ ആണെന്നു പറയുന്നു. പറഞ്ഞു വന്നത്‌ എന്താണെന്നു വെച്ചാൽ, 1950കളിൽ, ഒരു കുതിരവാഹനം നടക്കുമ്പോൾ, ഉത്‌സവമൂർത്തിയായ നമ്പെരുമാൾ, കെട്ടഴിഞ്ഞ്‌,മേലെ ചിത്തിരവീഥിയിൽ വീണു. പ്രാചീനമായ വിഗ്രഹം ആയതുകൊണ്ട്‌, ഏതാണ്ട്‌ 1000 വർഷങ്ങൾക്കു മുന്നെ, തങ്ക കവചം പണിയിച്ച്‌, വിഗ്രഹത്തെ അതിനുള്ളിൽ ആണ്‌ സംരക്ഷിച്ച്‌ വരുന്നത്‌. എങ്കിലും, ഈ വീഴ്‌ചയിൽ, ചക്രം പിടിച്ചിരുന്ന കൈ, കവച സഹിതം പിളർന്ന് വിഗ്രഹം 2 കഷ്ണം ആയിപ്പോയി. സ്വയം വ്യക്ത ക്ഷേത്രത്തിലെ വിഗ്രത്തിന്‌ എന്തു സംഭവിച്ചാലും നന്നാക്കി എടുക്കുകയല്ലാതെ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാൻ വിധിയില്ല. അതുകൊണ്ട്‌, വേർപ്പെട്ട കൈ ഗോൾഡ്‌ ആർക്ക്‌ ജ്വാല ഉപയോഗിച്ച്‌ വെൽഡ്‌ ചെയ്ത്‌ ചേർക്കപ്പെട്ടു. ഇതു ചെയ്യുവാൻ രാജ്യത്തെ വിദഗ്‌ധരായ മെറ്റലർജ്ജിസ്റ്റുകൾ വന്നു. അവർ പരിശോധിച്ചു നോക്കിയതിൽ, ആ വിഗ്രഹം ഉണ്ടാക്കപ്പെട്ട ലോഹം ഏതെന്ന് കണ്ടെത്തുവാൻ സാധിച്ചില്ല. അതുമാത്രമല്ല, ഗോൾഡ്‌ ആർക്ക്‌ ഉപയോഗിചു പോലും വെൽഡിംഗ്‌ നന്നായി നടന്നില്ല. അതിന്റെ ഫലമായി ചക്രം പിടിച്ച കൈ, വളഞ്ഞ്‌ ആണ്‌ ഇപ്പോഴും ഇരിക്കുന്നത്‌. ഈ രണ്ടു സംഭവങ്ങളും, ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ഈ ലോകത്തിൽ ഒരു മനുഷ്യൻ ഇരുന്ന് ഉണ്ടാക്കിയവയല്ല ഈ വിഗ്രഹങ്ങൾ എന്ന് നമക്കു കാട്ടി തരുന്നു.
ഈ ലോകത്തിൽ ഇല്ലാത്ത വസ്തുക്കളെക്കൊണ്ടു ഉണ്ടാക്കിയ വിഗ്രഹങ്ങൾക്ക്‌, മറ്റെങ്ങും കാണാൻ പറ്റാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടു താനും.

നമുക്ക്‌ തിരിചു ബ്രഹ്മാവിന്റെ ആരാധനം നടക്കുന്ന സ്ഥലത്തേക്ക്‌ പോകാം

ഹരേ ശ്രീരംഗാ ശരണം


ശ്രീരംഗാധിപതേ തവ നിർവ്വ്യാജ മന്ദസ്മിതം

തിരുച്ചിറപ്പള്ളിയിൽ നിന്നും ഉദ്ദേശം ഒരു 6 കി മി ദൂരത്തിലാണ്‌ ശ്രീരംഗം എന്നു പ്രസിദ്ധമായ ക്ഷേത്രം. തെൻ നാടും വടനാടും തൊഴ നിന്ന തിരുവരങ്കം എന്ന് പറയുന്നതു എപ്പോഴും ശെരിയാണന്നു തോന്നാറുണ്ട്‌. ദൂര വിദൂരങ്ങളിൽ നിന്നും വന്നു പോകുന്നവരൈ കാണുമ്പോൾ.പക്ഷേ, ഇങ്ങനെ വരുന്നവർക്ക്‌, ശ്രീരംഗത്തെ പറ്റി എന്തു അറിയാം എന്നു നോക്കിയാൽ അല്ലെങ്കിൽ അവരോടു ചോദിച്ചാൽ അവർക്കു തന്നെ അറിയില്ല.
ഇദം ഹി രംഗം ത്യജതാമിഹാംഗം പുനർന്നശംഗം യതിശംഗമേതി എന്ന് ശങ്കരാചാര്യർ പാടി. ഈ ശ്രീരംഗത്തിൽ പ്രാണനുപേക്ഷിച്ചവർക്ക്‌ പുനർ ജനി ഇല്ലാ എന്ന്.

രംഗനാഥൻ ആർ? എന്ന ചോദ്യത്തിൻ വേദാന്തം പറയും, യതോ വാചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹ! എന്റെ മനസ്സിനും വാക്കുകൾക്കും അപ്പുറത്തുള്ളവൻ... പക്ഷെ ഞങ്ങൾക്കോ!

കർക്കിടകം 18 അതിരാവിലേ രംഗനാഥന്റെ ഗർഭഗൃഹത്തിനു വെളിയ്യിൽ ഗായത്രി മണ്ഡപത്തിനും, ശന്തനു മണ്ഡപത്തിനും വെളിയിൽ, പടിഞ്ഞാറ് ഭാഗത്തുള്ള പടിക്കെട്ടിനു കീഴെ നിലക്കുകയാണു ഞാൻ. മേലപ്പടി എന്നു വിഖ്യാതമായ പടിക്കെട്ടുകൾ. പടിക്കു മുകളിൽ, വെള്ളി ചെങ്കോൽ പിടിച്ച സാത്താണീകൾ, സ്ഥലത്താർ, മണിയക്കാരർ ഇവർ മാത്രം. കീഴെ ഒരു നൂറ്പേർ കാണും. ശന്തനു മണ്ടപത്തെ ചുറ്റി ദർശ്ശനത്തിനുള്ള വരിയിൽ എന്തു നടക്കുന്നു എന്നറിയതെ ഒരു 1000 പേർ കാണും. എക്കാളത്തിന്റെ ശബ്ദത്തോടേ, ഭഗവാൻ നമ്പെരുമാൾ എന്നു വിളിക്കുന്ന ഉത്സവ മൂർത്തിയുടെ പുറപ്പാട്‌,


അരുളപ്പാടു ശ്രീപാദം താങ്കുവോർ....... നായന്തേ നായന്തേ!!! എന്നു ശ്രീപാദം താങ്ങുന്നവരുടെ ചുമലിൽ, ധർമ്മവർമ്മാ പല്ലക്ക്‌ എന്ന തങ്കപ്പല്ലക്കിൽ, ഭഗവാൻ പുറപ്പെട്ടു നിൽക്കുന്നു.


സാത്താണി പടിയിൽ ഇറങ്ങി നിന്ന്
"മന്നിയ ശീർ മണവാള മാമുനിവൻ ഈടു ഉരൈക്കക്കേട്ടു ഇന്നൊരു ശ്രീശൈലേശായെനപ്പേശും അരങ്കാ എച്ചരികൈ" എന്നു പുറപ്പാട്‌ അറിയിച്ചു

ശ്രീരംഗത്തൊരു ചൊല്ലുണ്ട്‌, രംഗനാഥന്റെ പുറപ്പാട്‌ ഒരുനാൾ എങ്കിലും വിട്ടുപോയാൽ കണ്ണിൽ നാരങ്ങാ നീർ ഒഴിക്കണം എന്ന്. എന്താണെന്നോ, അത്രയ്ക്ക്‌ അത്ഭുതം ആണ്‌ ആ പുറപ്പാടും ഘോഷയാത്രയും. അതു ഒരിക്കൽ കാണാൻ ഭാഗ്യം കിട്ടിയവർ ആരും ഈ വരികൾ തെറ്റാണെന്ന് പറയില്ല

മറ്റ്രുമോർ തെയ്‌വമുണ്ടേ മതിയിലാ മാനിലങ്കാൾ
ഉറ്റ്ര പോതന്റ്രി നീങ്കൾ ഒരുവനെന്നു ഉണരമാട്ടീർ
അറ്റ്രമേലെലൊന്റ്രറിയീർ അവനല്ലാൽ തെയ്‌വമില്ലൈ
കറ്റ്രിനം മേയ്‌ത്ത എന്തൈ കഴലിണൈ പണിമിനീരേ

രംഗനാഥൻ ആടി പതിനെട്ടിന്‌ അമ്മാ മണ്ഡപം വരെ പോയ്‌, കാവേരി ദേവിക്ക്‌ മാലയും, വളയും, പുടവയും കൊടുത്ത്‌ രാത്രി തിരിച്ച്‌ വരുമ്പോൾ വെളി ആണ്ടാൾ സന്നിധിയിൽ ചെന്ന്, ആണ്ടാളോടെ മാല മാറ്റികൊണ്ട്‌ തിരിച്ചു വരും. ഏതാണ്ട്‌ 3 മാസത്തെ വിശ്രമത്തിനു ശേഷം ആദ്യത്തെ പുറപ്പാട്‌.
എത്ര കാലമായി ഇങ്ങനെ നടന്നിരിക്കണം, ആരൊക്കെ രംഗനാഥന്റെ അനുഗ്രഹത്തിനു പാത്രീഭവിച്ചിരിക്കണം. ഇതിന്റെ ഒക്കെ ആരംഭം എവിടെ പുരാണങ്ങളിലും, പുരാണാന്തരങ്ങളിലും എന്തൊക്കെ പറഞ്ഞിരിക്കുന്നു.

ഹരേ ശ്രീരംഗാ ശരണം